വയനാട് ജില്ല ഇനി ഒ ഡി എഫ് ജില്ല

വയനാട് ജില്ല ഇനി ഒ ഡി എഫ് ജില്ല

Friday November 18, 2016,

1 min Read

വയനാട് ജില്ലയെ ഒ.ഡി.എഫ് (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ജില്ലയായി പ്രഖ്യാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍നാണ് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനമില്ലാത്ത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ഡി.എഫ് പ്രഖ്യാപനത്തിലൂടെ കേരളാ സംസ്ഥാനം ആരോഗ്യ രംഗത്ത് പുത്തന്‍ ചുവട്‌വെപ്പ് നടത്തുകയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.. സംസ്ഥാനത്തെ ഒരു കുടുബത്തിന് പോലും ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്ത അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. അതു ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച് വരുന്നത്. ശുചിത്വകേരളം യാഥാര്‍ഥ്യമാക്കുക എന്നതാണ് കേരളാ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം.

image


സുസ്ഥിര വികസിത കേരളത്തിനായി ശുദ്ധവായുവും ശുദ്ധജലവും ഉറപ്പ് വരുത്തേണ്ട ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഇതിന് അനിവാര്യമാണ്. ഇതിന്റെ അദ്യഘട്ടമാണ് ഒ.ഡി.എഫ് ക്യാമ്പയിന്‍എന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയെ ഒ.ഡി.എഫ് ആക്കി മാറ്റുന്നതിനായി ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും തീവ്രപരിശ്രമം വേണ്ടിവന്നിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ വികസന മേഖലയില്‍ അത്ഭുതങ്ങള്‍ കൈവരിക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. അതിന്റെ ഫലമായാണ് ജില്ലയുടെ ഭൗതിക ലക്ഷ്യമായ 13,981 ടോയ്‌ലറ്റുകളിലേക്ക്് സമയബന്ധിതമായി എത്തിചേരാനായത്. വരും ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് അടിസ്ഥാനത്തില്‍ തുടര്‍ പരിശോധന നടത്തി 101 ശതമാനം പൂര്‍ത്തീകരണം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒക്‌റ്റോബര്‍ 25 നകം പൂര്‍ത്തിയാക്കി സമയബന്ധിതമായി സംസ്ഥാന സര്‍ക്കാറിനെ അറിയിക്കണം. നവംബര്‍ ഒന്നിന് സംസ്ഥാനതല ഒ.ഡി.എഫ് പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ശുചിത്വമിഷന്‍ ഡയറക്ടര്‍ സി.വി ജോയ്, എ.ഡി.എം കെ.എം രാജു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. പി.കെ അനൂപ് എന്നിവര്‍ സംസാരി ച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ പി.കെ അനില്‍ കുമാര്‍, എ.ദേവകി, അനില തോമസ്, കെ.മിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ജലനിധി കണ്ണൂര്‍ ആര്‍.പി.ഡി ചന്ദ്രന്‍, ഡി.ഡി.പി രജീഷ് തുടങ്ങിവര്‍ സന്നിഹിതരായിരുന്നു.